കോതമംഗലം: നഗരസഭാ പരിധിയിലെ ചേലാട് ഭാഗത്ത് റോഡരികില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. ചേലാട് പാല് സൊസൈറ്റിക്ക് സമീപത്താണ് പ്ലാസ്റ്റിക് കാരി ബാഗിലാക്കി മാലിന്യം തള്ളിയിരിക്കുന്നത്. മാലിന്യത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് പരിസരവാസികള്‍ക്ക് ദുരിതമാകുന്നു. റോഡിനോട് ചേര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്ത ഭാഗത്താണ് മലിനവസ്തുക്കള്‍ വലിച്ചെറിഞ്ഞിരിക്കുന്നത്.
അഞ്ച് ദിവസമായി കിടക്കുന്ന മാലിന്യക്കെട്ടുകൾക്ക് ചുറ്റും ഓരോ ദിവസവും പിന്നിടുമ്പോള്‍ കൂടിവരുകയാണ്. വിസര്‍ജ്യ വസ്തുക്കള്‍ അടങ്ങിയ ഡയപ്പറുകള്‍ ഉള്‍പ്പെടെ മാലിന്യക്കെട്ടുകളിലുണ്ട്. മഴവെള്ളത്തില്‍ റോഡരികിലെ കാനയിലേക്ക് മാലിന വസ്തുക്കളും ഒലിച്ചിറങ്ങുന്നത് മറ്റ് ജലസ്രേതസുകളെ മലിനപ്പെടുത്താനും ഇടയുണ്ട്. ചേലാട് ഇരപ്പുങ്കല്‍ തോട്ടിലേക്കാണ് ഓട ചെന്നു ചേരുന്നത്.
ആളുകള്‍ കുടിക്കാനും കുളിക്കാനും ഉള്‍പ്പെടെ ഉപയോഗിക്കുന്ന തോട്ടിലേക്ക് മലിനജലം എത്തുന്നത് മഞ്ഞപ്പിത്തം ഉള്‍പ്പെടെ ജലജന്യരോഗങ്ങള്‍ക്ക് ഇടയാക്കാനുള്ള സാധ്യതയും തള്ളിക്കളയനാകില്ല.
നഗരസഭയിലെ ചില പ്രദേശങ്ങളില്‍ സമീപകാലത്ത് നിരവധി പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. നഗരസഭ ആരോഗ്യ വിഭാഗവും ജനപ്രതിനിധികളും ഇക്കാര്യത്തില്‍ അടിയന്തിര നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.